×
ഇസ്ലാമിനെ കുറിച്ച് വിവരിക്കുന്ന ഒരു സംക്ഷിപ്ത കുറിപ്പ്. ഇസ്ലാമിലെ സുപ്രധാന അടിസ്ഥാനങ്ങൾ, ഇസ്ലാമിക അദ്ധ്യാപനങ്ങൾ, ഇസ്ലാമിൻ്റെ നന്മകൾ എന്നിവ ഖുർആനിൻ്റെയും സുന്നത്തിൻ്റെയും പിൻബലത്തോടെ ഈ ഗ്രന്ഥത്തിൽ വിവരിക്കുന്നു. മുസ്ലിംകളും അല്ലാത്തവരുമായ സർവ്വ ജനങ്ങളെയും അഭിസംബോധന ചെയ്തു കൊണ്ട് എഴുതപ്പെട്ട ഈ ഗ്രന്ഥം ഭാഷയുടെയോ പ്രദേശത്തിൻ്റെയോ അന്തരമില്ലാതെ ഏതു കാലഘട്ടത്തിലും സന്ദർഭത്തിലും നൽകപ്പെടാൻ അനുയോജ്യമാണ്.

ഇസ്ലാം

ഇസ്ലാം; ഒരു ചെറുവിവരണം (ഖുർആനിലും നബിചര്യയിലും വന്നതുപോലെ)

الإسلام - نبذة موجزة عن الإسلام كما جاء في القرآن الكريم والسنة النبوية

പരാമർശിത വിഷയങ്ങളുടെ തെളിവുകൾ ഈ ലേഖനത്തിൽ ഉൾപ്പെടുത്തിയിട്ടില്ല.

ഇസ്ലാമിനെ കുറിച്ച് വിവരിക്കുന്ന ഒരു സംക്ഷിപ്ത കുറിപ്പ്. ഇസ്ലാമിലെ സുപ്രധാന അടിസ്ഥാനങ്ങൾ, ഇസ്ലാമിക അദ്ധ്യാപനങ്ങൾ, ഇസ്ലാമിൻ്റെ നന്മകൾ എന്നിവ ഖുർആനിൻ്റെയും സുന്നത്തിൻ്റെയും പിൻബലത്തോടെ ഈ കുറിപ്പിൽ വിവരിക്കുന്നു. മുസ്ലിംകളും അല്ലാത്തവരുമായ സർവ്വ ജനങ്ങളെയും അഭിസംബോധന ചെയ്തു കൊണ്ട് എഴുതപ്പെട്ട ഈ ലേഖനം ഭാഷയുടെയോ പ്രദേശത്തിൻ്റെയോ അന്തരമില്ലാതെ ഏതു കാലഘട്ടത്തിലും സന്ദർഭത്തിലും നൽകപ്പെടാൻ അനുയോജ്യമാണ്.

1- ലോകങ്ങളുടെ സ്രഷ്ടാവായ അല്ലാഹുവിൽ നിന്ന് സർവ്വ മനുഷ്യരിലേക്കുമുള്ള സന്ദേശമാണ് ഇസ്ലാം. എന്നെന്നേക്കുമുള്ള പ്രപഞ്ചസ്രഷ്ടാവിൻ്റെ ദൈവികസന്ദേശമാകുന്നു അത്.

2- ഏതെങ്കിലും വിഭാഗത്തിനോ പ്രത്യേക ദേശക്കാർക്കോ മാത്രമായി നിശ്ചയിക്കപ്പെട്ടതല്ല ഇസ്ലാം മതം. മറിച്ച് സർവ്വ ജനങ്ങൾക്കുമായി അല്ലാഹു നൽകിയ മതമാകുന്നു അത്.

3- മുൻപ് കഴിഞ്ഞു പോയ ദൈവിക ദൂതന്മാരും പ്രവാചകന്മാരും (നബിമാരും റസൂലുകളും) തങ്ങളുടെ ജനങ്ങൾക്ക് നൽകിയ സന്ദേശത്തിൻ്റെ പൂർത്തീകരണമായി അല്ലാഹു നിശ്ചയിച്ച മതമാകുന്നു ഇസ്ലാം.

4- എല്ലാ ദൈവദൂതന്മാരുടെയും (നബിമാർ) ആചാരാനുഷ്ഠാനങ്ങളിൽ വ്യത്യാസങ്ങളുണ്ടായിരുന്നെങ്കിലും അവരുടെ മതം ഒന്നാകുന്നു.

5- നൂഹ് (നോഹാ), ഇബ്രാഹീം (അബ്രഹാം), മൂസാ (മോശെ), സുലൈമാൻ (സോളമൻ), ദാവൂദ് (ദാവീദ്), ഈസാ (യേശു) തുടങ്ങി എല്ലാ ദൈവദൂതന്മാരും (നബിമാർ) ക്ഷണിച്ച അതേ ആദർശത്തിലേക്ക് തന്നെയാണ് ഇസ്ലാമും ക്ഷണിക്കുന്നത്. അതായത് സർവ്വതിൻ്റെയും രക്ഷിതാവും ആരാധ്യനുമായുള്ളവൻ അല്ലാഹുവാകുന്നു എന്ന സന്ദേശം. അവനാകുന്നു സർവ്വതിനെയും സൃഷ്ടിച്ചവൻ. ഏവർക്കും ഉപജീവനം നൽകുന്നവനും, എല്ലാവർക്കും ജീവൻ നൽകുന്നവനും, മരിപ്പിക്കുന്നവനും അവൻ തന്നെ. സർവ്വതിൻ്റെയും ഉടമസ്ഥനും, രാജാക്കന്മാരുടെ രാജാവുമായുള്ളവനാണ് അവൻ. അവനാണ് സർവ്വതിനെയും നിയന്ത്രിക്കുന്നവൻ. അങ്ങേയറ്റം കരുണകടാക്ഷങ്ങൾ ചൊരിയുന്നവനും സൃഷ്ടികളോട് ദയാവായ്പുള്ളവനുമാണവൻ.

6- അല്ലാഹുവാകുന്നു സർവ്വതിൻ്റെയും സ്രഷ്ടാവ്. എല്ലാ ആരാധനകൾക്കും അർഹതയുള്ളവൻ അവൻ മാത്രമാകുന്നു. അവനോടൊപ്പം മറ്റൊരാളും ആരാധിക്കപ്പെട്ടു കൂടാ.

7- പ്രപഞ്ചത്തിലുള്ള -നമുക്ക് ദൃശ്യമായതും അദൃശ്യമായതുമായ- എല്ലാം സൃഷ്ടിച്ചത് അല്ലാഹുവാകുന്നു. അവന് പുറമെയുള്ളതെല്ലാം അവൻ്റെ സൃഷ്ടികളിൽ പെട്ടവ മാത്രമാകുന്നു. ആകാശങ്ങളെയും ഭൂമിയെയും ആറു ദിവസങ്ങളിലായി അല്ലാഹു സൃഷ്ടിച്ചിരിക്കുന്നു.

8- തൻ്റെ സർവ്വാധികാരത്തിലും സൃഷ്ടിപ്പിലും നിയന്ത്രണത്തിലും ഒരു പങ്കാളിയും അല്ലാഹുവിനില്ല. ആരാധിക്കപ്പെടാൻ അർഹതയുള്ള ഒരാളും അവന് പുറമെയില്ല.

9- അല്ലാഹു ഒരു സന്താനത്തിന് ജന്മം നൽകിയിട്ടില്ല. അവൻ ആരുടെയും സന്താനമായി ജനിച്ചിട്ടുമില്ല. അവനോട് കിടയൊത്തവനോ, അവനോട് സമാനതയുള്ളവനോ അല്ല.

10- അല്ലാഹു അവൻ്റെ സൃഷ്ടിടികളിൽ വിലയം പ്രാപിക്കുകയില്ല. അവൻ്റെ സൃഷ്ടികളിൽ ഒന്നിലും അല്ലാഹുവിൻ്റെ അസ്തിത്വം കൂടിച്ചേർന്നിട്ടുമില്ല.

11-തൻ്റെ സൃഷ്ടികളോട് അങ്ങേയറ്റം ദയാവായ്പ്പുള്ളവനും, അവരോട് അങ്ങേയറ്റം കാരുണ്യം ചൊരിയുന്നവനുമാണ് അല്ലാഹു. അതിനാലാണ് അവൻ നബിമാരെ (ദൈവദൂതന്മാർ) അയച്ചതും, വേദഗ്രന്ഥങ്ങൾ അവതരിപ്പിച്ചതും.

12- സർവ്വതിൻ്റെയും രക്ഷാധികാരിയും അങ്ങേയറ്റം കാരുണ്യം ചൊരിയുന്നവനുമാണ് അല്ലാഹു. തൻ്റെ സൃഷ്ടികളെ മുഴുവൻ അന്ത്യനാളിൽ അവൻ വിചാരണ ചെയ്യുന്നതാണ്. അതിന് മുൻപായി അവരുടെ ഖബറുകളിൽ നിന്ന് അവൻ അവരെ ഉയർത്തെഴുന്നേൽപ്പിക്കുന്നതാണ്. ഓരോ വ്യക്തിക്കും അവൻ ചെയ്ത ഓരോ നന്മയുടെയും തിന്മയുടെയും പ്രതിഫലം അവൻ നൽകും. ആരെങ്കിലും അല്ലാഹുവിൽ വിശ്വസിച്ചു കൊണ്ട് സർൽകർമ്മങ്ങൾ പ്രവർത്തിച്ചുവെങ്കിൽ അവന് ശാശ്വതമായ സുഖാനുഗ്രഹങ്ങളുണ്ടായിരിക്കും. ആരെങ്കിലും അല്ലാഹുവിനെ നിഷേധിക്കുകയും, തിന്മകൾ പ്രവർത്തിക്കുകയും ചെയ്തുവെങ്കിൽ അവന് കഠിനമായ ശിക്ഷയായിരിക്കും പരലോകത്ത് ലഭിക്കുക.

13- അല്ലാഹു ആദമിനെ മണ്ണിൽ നിന്നാണ് സൃഷ്ടിച്ചത്. അദ്ദേഹത്തിൻ്റെ ശേഷം ആദമിൻ്റെ സന്തതികളായ മനുഷ്യർ പെറ്റുപെരുകി. മനുഷ്യരെല്ലാം ഒരേ പിതാവിൻ്റെയും മാതാവിൻ്റെയും സന്താനങ്ങൾ എന്ന അർത്ഥത്തിൽ തുല്ല്യരാണ്. ഒരു വിഭാഗത്തിനും മറ്റൊരു കൂട്ടരേക്കാൾ യാതൊരു ശ്രേഷ്ഠതയുമില്ല; ഒരു ജനതക്കും മറ്റൊരു ജനതയുടെ മേലും യാതൊരു പ്രത്യേകതയുമില്ല; അവരുടെ ധർമ്മനിഷ്ഠയുടെ അടിസ്ഥാനത്തിലല്ലാതെ.

14- എല്ലാ കുഞ്ഞുങ്ങളും ജനിച്ചു വീഴുന്നത് ശുദ്ധപ്രകൃതിയിലാണ്.

15- ഒരു മനുഷ്യനും പാപിയോ മറ്റൊരാളുടെ പാപഫലം പേറുന്നവനായോ ജനിച്ചു വീഴുന്നില്ല.

16- മനുഷ്യരെയെല്ലാം സൃഷ്ടിച്ചതിൻ്റെ പിന്നിലുള്ള ലക്ഷ്യം അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്നതാണ്.

17- ഇസ്ലാം മനുഷ്യനെ -പുരുഷനെയും സ്ത്രീയെയും- ആദരിച്ചിരിക്കുന്നു. അവരുടെ അവകാശങ്ങൾ ഇസ്ലാം പൂർണ്ണമായി അവർക്ക് നൽകുന്നു. അതോടൊപ്പം താൻ നടത്തുന്ന തിരഞ്ഞെടുപ്പുകളുടെയും തൻ്റെ ചെയ്തികളുടെയും ഇടപാടുകളുടെയും ഉത്തരവാദിത്തം അവൻ്റെ മേൽ നിശ്ചയിക്കുകയും ചെയ്തിരിക്കുന്നു. അവൻ്റെ സ്വന്തത്തിനോ, അവന് ചുറ്റുമുള്ളവർക്കോ ഉപദ്രവമേൽപ്പിക്കുന്ന ഏതൊരു പ്രവർത്തിയുടെയും ബാധ്യത അവൻ്റെ മേൽ തന്നെയായിരിക്കുമെന്ന് അത് പഠിപ്പിക്കുകയും ചെയ്യുന്നു.

18- തങ്ങളുടെ മേലുള്ള ഉത്തരവാദിത്തങ്ങളുടെയും, തങ്ങൾ പ്രവർത്തിക്കുന്ന നന്മകൾക്ക് ലഭിക്കുന്ന പ്രതിഫത്തിൻ്റെയും, തിന്മകൾക്ക് ലഭിക്കുന്ന ശിക്ഷയുടെയും കാര്യത്തിൽ പുരുഷന്മാരും സ്ത്രീകളും തുല്ല്യരാണെന്ന് ഇസ്ലാം ഓർമ്മപ്പെടുത്തുന്നു.

19- സ്ത്രീയെ ഇസ്ലാം ആദരിച്ചിരിക്കുന്നു. പുരുഷന്മാരുടെ നല്ല പകുതിയായാണ് അവരെ ഇസ്ലാം പരിഗണിച്ചിട്ടുള്ളത്. അവളുടെ ചിലവുകൾ പുരുഷൻ്റെ ബാധ്യതയായി ഇസ്ലാം നിശ്ചയിച്ചിരിക്കുന്നു; അവന് സാധ്യമാകുന്നിടത്തോളം അതിൽ ഇളവില്ല. മകളുടെ ചിലവുകൾ പിതാവിൻ്റെ മേലും, ഉമ്മയുടെ ചിലവുകൾ -പ്രായപൂർത്തിയും ശേഷിയുമെത്തിയ- മകൻ്റെ മേലും, ഭാര്യയുടെ ചിലവുകൾ ഭർത്താവിൻ്റെ മേലുമുള്ള ബാധ്യതയാണ്.

20- മരണം ജീവിതത്തിൻ്റെ ശാശ്വതമായ അന്ത്യമല്ല. മറിച്ച് പ്രവർത്തനങ്ങളുടെ ലോകത്തു നിന്ന് പ്രതിഫലത്തിൻ്റെ ലോകത്തേക്കുള്ള യാത്ര മാത്രമാണത്. മരണം ശരീരത്തെയും ആത്മാവിനെയും ബാധിക്കുന്നു. ആത്മാവിൻ്റെ മരണമെന്നാൽ ശരീരത്തിൽ നിന്നുള്ള അതിൻ്റെ വേർപ്പാടാണ്. അന്ത്യനാളിൽ ഖബറുകളിൽ നിന്ന് ഉയർത്തെഴുന്നേൽപ്പിക്കപ്പെടുമ്പോൾ ആത്മാവുകൾ അവയുടെ ശരീരങ്ങളിലേക്ക് തിരിച്ചു വരുന്നതാണ്. മരണ ശേഷം ഒരാളുടെയും ആത്മാവ് മറ്റൊരാളുടെ ശരീരത്തിലേക്ക് പ്രവേശിക്കുകയില്ല. മറ്റേതെങ്കിലും ജീവിയിൽ ഒരാളുടെയും ആത്മാവ് പുനർജനിക്കുകയുമില്ല.

21- വിശ്വാസപരമായ ആറ് സുപ്രധാനമായ അടിസ്ഥാനങ്ങൾ ഉൾക്കൊള്ളാൻ ഇസ്ലാം ക്ഷണിക്കുന്നു. (1) അല്ലാഹുവിലുള്ള വിശ്വാസം. (2) അല്ലാഹുവിൻ്റെ മലക്കുകളിലുള്ള വിശ്വാസം. (3) വേദഗ്രന്ഥങ്ങളിലുള്ള വിശ്വാസം. തൗറാത്, ഇഞ്ചീൽ, സബൂർ പോലുള്ളവ -അവയിൽ മനുഷ്യരുടെ കൈകടത്തലുകൾ ഉൾപ്പെടുന്നതിന് മുൻപ്- അല്ലാഹുവിൻ്റെ വേദഗ്രന്ഥങ്ങളായിരുന്നെന്നും, വിശുദ്ധ ഖുർആൻ അല്ലാഹു അവതരിപ്പിച്ച അവൻ്റെ സംസാരമാണെന്നും വിശ്വസിക്കുന്നത് അതിൽ പെട്ടതാണ്. (4) അല്ലാഹുവിൻ്റെ ദൂതന്മാരായ നബിമാരിലും റസൂലുകളിലുമുള്ള വിശ്വാസം. നബിമാരിൽ അന്തിമനായ മുഹമ്മദ് നബി -ﷺ- യിലുള്ള വിശ്വാസവും അതിൽ പെട്ടതാണ്. (5) അന്ത്യനാളിലുള്ള വിശ്വാസം. ഐഹികജീവിതമായിരുന്നു എല്ലാത്തിൻ്റെയും അവസാനമെങ്കിൽ ഈ ജീവിതവും സർവ്വതും തീർത്തും അനാവശ്യവും അർത്ഥശൂന്യവുമാകുമായിരുന്നു. (6) അല്ലാഹുവിൻ്റെ വിധിനിർണ്ണയത്തിലുള്ള വിശ്വാസം.

22- അല്ലാഹുവിൻ്റെ ദൂതന്മാരായ നബിമാർ അല്ലാഹുവിൽ നിന്ന് ജനങ്ങൾക്ക് എത്തിച്ചു നൽകുന്ന സന്ദേശത്തിൻ്റെ കാര്യത്തിൽ അബദ്ധം സംഭവിക്കുന്നതിൽ നിന്ന് പൂർണ്ണമായും സുരക്ഷിതരാണ്. സാമാന്യബുദ്ധിയോ സൽസ്വഭാവമോ അംഗീകരിക്കാത്ത കാര്യങ്ങളും അവരിൽ നിന്ന് ഒരിക്കലും സംഭവിക്കുകയില്ല. അല്ലാഹുവിൻ്റെ കൽപ്പനകൾ ജനങ്ങൾക്ക് എത്തിച്ചു നൽകാൻ ഏൽപ്പിക്കപ്പെട്ടവരാണ് നബിമാർ. എന്നാൽ അവർക്ക് ദിവ്യത്വമോ ദൈവീകമോ ആയ യാതൊരു കഴിവുകളുമില്ല. മറിച്ച് മറ്റെല്ലാ മനുഷ്യരെയും പോലെയുള്ള മനുഷ്യർ മാത്രമാകുന്നു അവർ; അല്ലാഹു അവൻ്റെ സന്ദേശം അവർക്ക് നൽകുന്നു (എന്നതാണ് അവരുടെ പ്രത്യേകത).

23- അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്നതിലേക്കാണ് ഇസ്ലാം ക്ഷണിക്കുന്നത്. അടിസ്ഥാനപരമായ ചില ഇബാദതുകൾ (ആരാധനകൾ) അക്കൂട്ടത്തിലുണ്ട്. 1- നിസ്കാരം. (അല്ലാഹുവിനുള്ള സ്തുതികീർത്തനങ്ങളോടെ) നിൽക്കുകയും, വണങ്ങുകയും (റുകൂഅ്), സാഷ്ടാംഘം ചെയ്യുകയും (സുജൂദ്), അല്ലാഹുവിനെ സ്മരിക്കുകയും, പുകഴ്ത്തുകയും, അവനോട് പ്രാർത്ഥിക്കുകയും ചെയ്യുന്ന ആരാധനാകർമ്മമാണ് നിസ്കാരം. ഓരോ ദിവസവും അഞ്ചു തവണ നിർബന്ധമായും നിസ്കരിക്കണം. നിസ്കാരത്തിൻ്റെ വേളയിൽ എല്ലാ ഭൗതിക വേർതിരിവുകളും മാഞ്ഞു പോകുന്നു. ധനികനും ദരിദ്രനും നേതാവും അനുയായിയും ഒരേ നിരയിൽ നിന്നു കൊണ്ടാണ് നിസ്കാരം നിർവ്വഹിക്കപ്പെടുന്നത്. 2- സകാത്. അല്ലാഹു നിശ്ചയിച്ച നിബന്ധനകളുടെയും കണക്കുകളുടെയും അടിസ്ഥാനത്തിൽ സമ്പന്നരുടെ സ്വത്തിൽ നിന്ന് എടുത്ത് ചിലവഴിക്കപ്പെടേണ്ട, വർഷത്തിൽ ഒരിക്കൽ നൽകപ്പെടുന്ന, കുറച്ച് സമ്പാദ്യമാണത്. ദരിദ്രർക്കും മറ്റുമാണ് സകാത് നൽകപ്പെടുക. 3- നോമ്പ്: വ്രതം മുറിക്കുന്ന കാര്യങ്ങളിൽ നിന്ന് റമദാനിൻ്റെ പകലിൽ സ്വന്തത്തെ പിടിച്ചു വെക്കുന്നതിനാണ് നോമ്പ് എന്നു പറയുക. ദൃഢനിശ്ചയവും ക്ഷമയും വളർത്താൻ സഹായകമാണ് നോമ്പ്. 4- ഹജ്ജ്: പരിശുദ്ധ മക്കയിലെ അല്ലാഹുവിൻ്റെ ഭവനം ലക്ഷ്യം വെച്ചു കൊണ്ട് സാധിക്കുന്നവർ തങ്ങളുടെ ജീവിതത്തിൽ ഒരിക്കൽ നടത്തേണ്ട തീർത്ഥാടനമാണ് ഹജ്ജ്. സ്രഷ്ടാവായ അല്ലാഹുവിലേക്ക് എല്ലാവരും ഒരു പോലെ അഭയം തേടുന്ന ഈ ആരാധനാകർമ്മത്തിൽ പങ്കെടുക്കുന്ന എല്ലാ മുസ്ലിംകളും തുല്ല്യരാകുന്നു. അവർക്കിടയിൽ നിന്ന് എല്ലാ നിലക്കുള്ള വേർതിരിവുകളും അതിർവരമ്പുകളും ഹജ്ജിലൂടെ നീങ്ങിപ്പോകുന്നു.

24- ഇസ്ലാമിലെ ആരാധനാകർമ്മങ്ങളെ വേർതിരിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന്: അവയുടെ രൂപവും സമയവും നിബന്ധനകളുമെല്ലാം നിശ്ചയിച്ചത് അല്ലാഹുവാണ് എന്നതാണ്. നബി -ﷺ- അവ നമുക്ക് എത്തിച്ചു തരിക മാത്രമാണ് ചെയ്തത്. അതിൽ -ഇക്കാലം വരെ- ഒരു മനുഷ്യൻ്റെ കൂട്ടലോ കുറക്കലോ കടന്നുകൂടിയിട്ടില്ല. മേൽ പറഞ്ഞ അടിസ്ഥാനപരമായ ഇബാദതുകൾ എല്ലാ നബിമാരും പഠിപ്പിച്ചവയിൽ പെട്ടതാണ്.

26. ഇസ്ലാമിൻ്റെ പ്രവാചകനാണ് അബ്ദുല്ലയുടെ മകൻ മുഹമ്മദ് -ﷺ-. ഇബ്രാഹീമിൻ്റെ മകനായ ഇസ്മാഈലിൻ്റെ സന്തതിപരമ്പരയിൽ, ക്രിസ്താബ്ദം 571 ൽ മക്കയെന്ന നാട്ടിലാണ് അവിടുന്ന് ജനിച്ചത്. മക്കയിലായിരിക്കെ അല്ലാഹുവിൻ്റെ ദൂതനായി അവിടുന്ന് നിയോഗിക്കപ്പെട്ടു. പിന്നീട് മദീനയിലേക്ക് അവിടുന്ന് പാലായനം ചെയ്തു. (പ്രവാചകനായി നിയോഗിക്കപ്പെടുന്നതിന് മുൻപ് തന്നെ) തൻ്റെ ജനങ്ങൾ നിലകൊണ്ടിരുന്ന വിഗ്രഹാരാധനാപരമായ ആചാരങ്ങളിലൊന്നും അവിടുന്ന് പങ്കുചേരാറില്ലായിരുന്നു. എന്നാൽ അവരുടെ മാന്യവും മഹത്തരവുമായ എല്ലാ നടപടികളിലും അവിടുന്ന് സഹകരിക്കുമായിരുന്നു. നബിയായി നിയോഗിക്കപ്പെടുന്നതിന് മുൻപ് തന്നെ അതിമഹത്തരമായ സ്വഭാവത്തിൻ്റെ ഉടമയായിരുന്നു മുഹമ്മദ് നബി. അവിടുത്തെ ജനത 'അൽ അമീൻ' (വിശ്വസ്തൻ) എന്നായിരുന്നു അദ്ദേഹത്തെ സ്നേഹത്തോടെ വിളിച്ചിരുന്നത്. നാൽപ്പത് വയസ്സായപ്പോൾ അല്ലാഹു അവിടുത്തെ നബിയായി നിയോഗിച്ചു. അവിടുത്തെ സത്യസന്ധത ബോധ്യപ്പെടുത്തുന്ന അതിമഹത്തരമായ ദൃഷ്ടാന്തങ്ങൾ കൊണ്ട് അല്ലാഹു അദ്ദേഹത്തിന് പിൻബലം നൽകി. അവയിൽ ഏറ്റവും മഹത്തരമായ ദൃഷ്ടാന്തം ഖുർആനാണ്. എല്ലാ നബിമാർക്കും നൽകപ്പെട്ട ദൃഷ്ടാന്തങ്ങളിൽ ഏറ്റവും വലുത് ഖുർആനാണ്. നബിമാർക്ക് നൽകപ്പെട്ട ദൃഷ്ടാന്തങ്ങളിൽ ഇന്നും നിലനിൽക്കുന്ന ഏകദൃഷ്ടാന്തവും അത് തന്നെ. നബി -ﷺ- ക്ക് അല്ലാഹു മതം പൂർണ്ണമാക്കി നൽകുകയും, അവിടുന്ന് അത് ഏറ്റവും നല്ല രൂപത്തിൽ ജനങ്ങൾക്ക് എത്തിച്ചു നൽകുകയും ചെയ്തപ്പോൾ -63 വയസ്സായിരിക്കെ- അവിടുന്ന് വഫാതായി (മരണമടഞ്ഞു). മദീനയിലാണ് അവിടുന്ന് മറവു ചെയ്യപ്പെട്ടത്. നബിമാരുടെയും ദൂതന്മാരുടെയും പരമ്പരയിൽ അന്തിമനാണ് അവിടുന്ന്. ഉപകാരപ്രദമായ വിജ്ഞാനമുള്ള സന്മാർഗവും, സൽകർമ്മങ്ങളിലേക്ക് നയിക്കുന്ന സത്യമതവും കൊണ്ടാണ് അല്ലാഹു അവിടുത്തെ നിയോഗിച്ചത്. ജനങ്ങളെ വിഗ്രഹാരാധനയുടെയും നിഷേധത്തിൻ്റെയും അജ്ഞതയുടെയും ഇരുട്ടുകളിൽ നിന്ന് ഏകനായ അല്ലാഹുവിനെ മാത്രം ആരാധിക്കുന്നതിൻ്റെയും അവനിൽ വിശ്വസിക്കുന്നതിൻ്റെയും പ്രകാശത്തിലേക്ക് നയിക്കുന്നതിനായിരുന്നു അത്. അല്ലാഹു തൻ്റെ അനുമതിയോടെ നിയോഗിച്ച, അല്ലാഹുവിലേക്കുള്ള പ്രബോധകനാണ് എന്ന് അല്ലാഹു തന്നെ അവിടുത്തെ കുറിച്ച് സാക്ഷ്യപ്പെടുത്തി.

26- മുഹമ്മദ് നബി -ﷺ- എത്തിച്ചു നൽകിയ ഇസ്ലാം മതത്തിൻ്റെ വിധിവിലക്കുകൾ അല്ലാഹുവിൽ നിന്ന് മനുഷ്യരാശിക്ക് നൽകപ്പെട്ട അവസാനത്തെ സന്ദേശമാണ്. അതിലെ നിയമങ്ങൾ പൂർണ്ണമാണ്. ജനങ്ങളുടെ മതപരവും ഭൗതികവുമായ എല്ലാ നന്മകളും അതിലുണ്ട്. ജനങ്ങളുടെ മതവിശ്വാസങ്ങളും, ജീവനും, സമ്പാദ്യവും, ബുദ്ധിശേഷിയും, അവരുടെ സന്താനങ്ങളെയും സംരക്ഷിക്കുക എന്നത് ഇസ്ലാമിക നിയമങ്ങളുടെ പ്രഥമ ലക്ഷ്യങ്ങളിൽ പെട്ടതാണ്. മുൻപുള്ള മതനിയമങ്ങൾ അവക്ക് മുൻപുള്ളതിനെ അസാധുവാക്കി കൊണ്ടാണ് വന്നത് പോലെ, ഇസ്ലാമിൻ്റെ നിയമങ്ങൾ മുൻകഴിഞ്ഞ എല്ലാ നിയമസംഹിതകളെയും അസാധുവാക്കിയിരിക്കുന്നു.

27- അല്ലാഹുവിൻ്റെ ദൂതനായ മുഹമ്മദ് നബി -ﷺ- എത്തിച്ചു നൽകിയ ഇസ്ലാം മതമല്ലാത്ത മറ്റൊരു മതവും അല്ലാഹുവിങ്കൽ സ്വീകാര്യമല്ല. അതിനാൽ ആരെങ്കിലും ഇസ്ലാമല്ലാത്ത മറ്റേതു മതം സ്വീകരിക്കുന്നെങ്കിലും അത് അവനിൽ നിന്ന് സ്വീകരിക്കപ്പെടുന്നതല്ല.

28- മുഹമ്മദ് നബി -ﷺ- ക്ക് അല്ലാഹു സന്ദേശമായി നൽകിയ ഗ്രന്ഥമാണ് വിശുദ്ധ ഖുർആൻ. ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹുവിൻ്റെ സംസാരമാണത്. ഖുർആനിന് സമാനമായ ഒരു ഗ്രന്ഥമോ, അതിലെ ഒരു അദ്ധ്യായത്തിന് സമാനമായ ഒരു അദ്ധ്യായമോ കൊണ്ടുവരാൻ അല്ലാഹു മനുഷ്യരെയും ജിന്നുകളെയും വെല്ലുവിളിച്ചിരിക്കുന്നു. ഈ വെല്ലുവിളി ഇപ്പോഴും (പരാജിതമാകാതെ) നിലനിൽക്കുന്നു. ലക്ഷക്കണക്കിന് ജനങ്ങളെ പരിഭ്രാന്തിയിലാക്കിയിരിക്കുന്ന അനേകം സുപ്രധാനമായ ചോദ്യങ്ങൾക്ക് ഖുർആൻ ഉത്തരം നൽകുന്നു. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് അവതരിപ്പിക്കപ്പെട്ട അതേ രൂപത്തിൽ -അറബി ഭാഷയിൽ തന്നെ- ഖുർആൻ ഇന്നും സംരക്ഷിക്കപ്പെട്ടിരിക്കുന്നു. അതിൽ നിന്നൊരു അക്ഷരം പോലും കുറയുകയുണ്ടായിട്ടില്ല. ആർക്കും ലഭ്യമായ നിലയിൽ വിശുദ്ധ ഖുർആനിൻ്റെ പതിപ്പുകൾ ലഭ്യമാണ്. തീർച്ചയായും വായിച്ചിരിക്കേണ്ട അതിമഹത്തരവും അത്യത്ഭുതകരവുമായ ഗ്രന്ഥമാണ് ഖുർആൻ. അറബ്നിയിൽ വായിക്കാൻ കഴിയില്ലെങ്കിൽ അതിൻ്റെ പരിഭാഷയെങ്കിലും വായിച്ചിരിക്കേണ്ടതുണ്ട്. ഇതു പോലെ മുഹമ്മദ് നബി -ﷺ- യുടെ അദ്ധ്യാപനങ്ങളും ചരിത്രവും സത്യസന്ധരായ നിവേദകപരമ്പരകളാൽ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. നബി -ﷺ- സംസാരിച്ച അറബി ഭാഷയിൽ തന്നെ അതും വായിക്കാൻ ലഭ്യമാണ്. മുഹമ്മദ് നബി -ﷺ- യുടെ വാക്കുകളും അനേകം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. വിശുദ്ധ ഖുർആനും, നബി -ﷺ- യുടെ ഹദീഥുമാണ് ഇസ്ലാമിൻ്റെ വിധിവിലക്കുകൾക്കും നിയമങ്ങൾക്കുമുള്ള അടിസ്ഥാനപ്രമാണങ്ങൾ. മുസ്ലിംകളാണെന്ന് അവകാശപ്പെടുന്ന ആരുടെയെങ്കിലും പ്രവർത്തികളിൽ നിന്നല്ല ഇസ്ലാമിനെ അറിയേണ്ടത്. മറിച്ച് അല്ലാഹുവിൽ നിന്നുള്ള സന്ദേശമായ ഖുർആനിൻ്റെയും നബി -ﷺ- യുടെ ചര്യയായ സുന്നത്തിൻ്റെയും അടിസ്ഥാനത്തിലാണ് ഇസ്ലാം പഠനവിധേയമാക്കേണ്ടത്.

29- മാതാപിതാക്കളോട് ഏറ്റവും നല്ല രൂപത്തിൽ വർത്തിക്കണമെന്ന് ഇസ്ലാം കൽപ്പിക്കുന്നു; അവർ മുസ്ലിംകളല്ലെങ്കിൽ പോലും അതിൽ മാറ്റമില്ല. അതോടൊപ്പം സന്താനങ്ങളെ ശ്രദ്ധിക്കണമെന്നും ഇസ്ലാം ഓർമ്മപ്പെടുത്തുന്നു.

30- ശത്രുക്കളോടാണെങ്കിൽ പോലും വാക്കിലും പ്രവൃത്തിയിലും നീതിയിൽ വർത്തിക്കണമെന്നും ഇസ്ലാം കൽപ്പിക്കുന്നു.

31- സർവ്വ സൃഷ്ടികളോടും ഏറ്റവും നല്ല രൂപത്തിൽ വർത്തിക്കണമെന്നാണ് ഇസ്ലാമിൻ്റെ കൽപ്പന. സൽസ്വഭാവങ്ങളിലേക്കും സല്പ്രവൃത്തികളിലേക്കുമാണ് അത് ക്ഷണിക്കുന്നത്.

32- സത്യസന്ധത, വാഗ്ദത്തപാലനം, ജീവിതവിശുദ്ധി, ലജ്ജ, ധൈര്യം, ദാനസന്നദ്ധത, മാന്യത കാത്തുസൂക്ഷിക്കൽ, ആവശ്യക്കാരനെ സഹായിക്കൽ, പ്രയാസത്തിൽ അകപ്പെട്ടവന് കൈത്താങ്ങേകൽ, വിശക്കുന്നവന് ഭക്ഷണം നൽകൽ, അയൽവാസിയോട് നന്മയിൽ വർത്തിക്കൽ, കുടുംബബന്ധം ചേർക്കൽ, മൃഗങ്ങളോട് കാരുണ്യം കാണിക്കൽ; ഇസ്ലാം ക്ഷണിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന മനോഹരമായ ചില സ്വഭാവഗുണങ്ങളാണിവ.

33- പരിശുദ്ധമായ ഭക്ഷണപാനീയങ്ങളെല്ലാം ഇസ്ലാം അനുവദിച്ചിരിക്കുന്നു. ഹൃദയവും ശരീരവും ഭവനവുമെല്ലാം ശുദ്ധിയായിരിക്കണമെന്നും ഈ മതം കൽപ്പിക്കുന്നു. ഇപ്രകാരം നല്ല ആസ്വാദനങ്ങൾ അനുവദിച്ചതു കൊണ്ടാണ് വിവാഹം ഇസ്ലാം അനുവദിച്ചത്. നബിമാരോടെല്ലാം കൽപ്പിക്കപ്പെട്ട കാര്യങ്ങളിലൊന്നാണ് ഈ പറഞ്ഞതത്രയും. അവർ തങ്ങളുടെ ജനതയോടും ഏറ്റവും പരിശുദ്ധമായത് തന്നെയായിരുന്നു കൽപ്പിച്ചിരുന്നത്.

34- നിഷിദ്ധവൃത്തികളുടെ അടിവേരുകൾ എന്ന് വിശേഷിപ്പിക്കാവുന്ന തിന്മകളെയെല്ലാം ഇസ്ലാം വിലക്കിയിരിക്കുന്നു. അല്ലാഹുവിൽ പങ്കുചേർക്കുക, അല്ലാഹുവിനെ നിഷേധിക്കുക, വിഗ്രഹങ്ങളെ ആരാധിക്കുക, അല്ലാഹുവിൻ്റെ പേരിൽ അറിവില്ലാതെ സംസാരിക്കുക, (ദാരിദ്ര്യഭയത്താൽ) മക്കളെ കൊലപ്പെടുത്തുക, നിരപരാധിയെ വധിക്കുക, ഭൂമിയിൽ കുഴപ്പമുണ്ടാക്കുക, മാരണം ചെയ്യുക പോലുള്ളവ അവയുടെ ഉദാഹരണങ്ങളാണ്. ഇതു പോലെ -പ്രകടവും ഗോപ്യവുമായ- എല്ലാ മ്ലേഛവൃത്തികളെയും ഇസ്ലാം നിരോധിച്ചിരിക്കുന്നു. വ്യഭിചാരവും സ്വവർഗരതിയും പോലുള്ളവ ഇസ്ലാമിൽ ശക്തമായി നിരോധിക്കപ്പെട്ടിരിക്കുന്നു. പലിശയും, ശവഭോജനവും, വിഗ്രഹങ്ങൾക്കും പ്രതിഷ്ഠകൾക്കും വേണ്ടി ബലിയർപ്പിക്കപ്പെട്ടതും, പന്നിമാംസവും, മറ്റെല്ലാ മാലിന്യങ്ങളും വൃത്തികേടുകളും ഈ ദീനിൽ നിരോധിക്കപ്പെട്ടിരിക്കുന്നു. അനാഥൻ്റെ സമ്പത്ത് ഭക്ഷിക്കുക, അളവുത്തൂക്കത്തിൽ കൃത്രിമം കാണിക്കുക, കുടുംബബന്ധങ്ങൾ മുറിക്കുക പോലുള്ളവയെല്ലാം ഇസ്ലാമിൽ നിരോധിക്കപ്പെട്ട കാര്യങ്ങളാണ്. ഈ പറഞ്ഞ നിഷിദ്ധവൃത്തികളെല്ലാം എല്ലാ നബിമാരും നിരോധിച്ച കാര്യങ്ങൾ തന്നെ.

35- മോശം സ്വഭാവഗുണങ്ങൾ പുലർത്തുക എന്നത് ഇസ്ലാം ശക്തമായി നിരോധിച്ചിരിക്കുന്നു. കളവ്, ചതി, വഞ്ചന, കുതന്ത്രം, അസൂയ, മോഷണം, അതിക്രമം, അനീതി എന്നിവയെല്ലാം ഇസ്ലാം വിലക്കിയിരിക്കുന്നു. ഏതെല്ലാം മ്ലേഛസ്വഭാവങ്ങളുണ്ടോ, അവയെല്ലാം ഇസ്ലാമിൽ വിരോധിക്കപ്പെട്ടവയാണ്.

36- പലിശ അടങ്ങിയതോ, മറ്റുള്ളവർക്ക് ഉപദ്രവകരമായതോ, ചതിയോ അതിക്രമമോ വഞ്ചനയോ അടങ്ങിയതോ ആയ എല്ലാ സമ്പത്തിക ഇടപാടുകളും ഇസ്ലാം നിരോധിച്ചിരിക്കുന്നു. സമൂഹത്തിനോ രാജ്യത്തിനോ വ്യക്തികൾക്കോ മൊത്തത്തിൽ പ്രയാസം സൃഷ്ടിക്കുന്ന സാമ്പത്തിക ഇടപാടുകളാണെങ്കിലും അവ പാടില്ല.

37- മനുഷ്യബുദ്ധിയെ സംരക്ഷിക്കുന്നതാണ് ഇസ്ലാമിക നിയമങ്ങൾ. അതിനാൽ ബുദ്ധിയെ നശിപ്പിക്കുന്നതെല്ലാം ഇസ്ലാം നിഷിദ്ധമാക്കിയിരിക്കുന്നു. മദ്യം നിഷിദ്ധമാക്കിയത് ഒരു ഉദാഹരണം. ബുദ്ധിക്ക് ഇസ്ലാം ഉന്നതമായ സ്ഥാനം നൽകിയിരിക്കുന്നു; ഒരാളുടെ മേൽ മതനിയമങ്ങൾ ബാധകമാകാനുള്ള അടിസ്ഥാന നിബന്ധനയാണ് അയാൾക്ക് ബുദ്ധിയുണ്ടായിരിക്കുക എന്നത്. അതിനാൽ ബുദ്ധിയെ പരിഹസിക്കുന്ന അന്ധവിശ്വാസങ്ങളിൽ നിന്നും, വിഗ്രഹപൂജയിൽ നിന്നും ഇസ്ലാം ബുദ്ധിയെ മോചിപ്പിക്കുകയാണ് ചെയ്തത്. ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന് മാത്രം ബാധകമായ രഹസ്യങ്ങളോ വിധിവിലക്കുകളോ ഇസ്ലാമിൽ കണ്ടെത്താൻ സാധിക്കില്ല. അതിലെ എല്ലാ വിധിവിലക്കുകളും മതനിയമങ്ങളും എല്ലാവരുടെയും ശരിയായ ബുദ്ധിക്ക് യോജിക്കുന്നതാണ്. നീതിയുടെയും മഹത്തരമായ യുക്തിയുടെയും തേട്ടമാണ് ഇസ്ലാമിലെ ഓരോ വിധിവിലക്കുകളും.

38- ഇസ്ലാമിതര മതങ്ങൾ തങ്ങളുടെ അനുയായികളെ പറഞ്ഞു പഠിപ്പിക്കുന്നത് മതം മനുഷ്യബുദ്ധിക്ക് മുകളിലാണെന്നാണ്. കേവല ബുദ്ധി പോലും നിരസിക്കുന്ന വൈരുദ്ധ്യങ്ങളെ കുറിച്ച് ജനങ്ങൾ സംശയത്തിലായാൽ ഇതാണ് അവർക്ക് നൽകാനാകുന്ന ഏകമറുപടി. എന്നാൽ അതേ സമയം മനുഷ്യബുദ്ധിക്ക് വഴികാട്ടുന്ന പ്രകാശമാണ് മതമെന്നാണ് ഇസ്ലാമിക അദ്ധ്യാപനം. മനുഷ്യൻ തൻ്റെ ബുദ്ധി വലിച്ചെറിയുകയും, തങ്ങളെ പിൻപറ്റുകയും ചെയ്യണമെന്നാണ് അസത്യവാദികൾ ആഗ്രഹിക്കുന്നതെങ്കിൽ അവർ തങ്ങളുടെ ബുദ്ധിയെ തൊട്ടുണർത്തുകയും, എല്ലാ കാര്യങ്ങളും അതിൻ്റെ യഥാർത്ഥ രൂപത്തിൽ മനസ്സിലാക്കുകയും ചെയ്യണമെന്നാണ് ഇസ്ലാം ഉദ്ദേശിക്കുന്നത്.

39- ശരിയായ വിജ്ഞാനത്തിന് ഇസ്ലാം വലിയ പ്രാധാന്യം കൽപ്പിച്ചിരിക്കുന്നു. ദേഹേഛകളിൽ നിന്ന് മുക്തമായ ശാസ്ത്രീയ പഠനങ്ങൾക്ക് ഇസ്ലാം പ്രോത്സാഹനം നൽകുകയാണ് ചെയ്യുന്നത്. കണ്ണു തുറന്നു കാണുവാനും, സ്വന്തത്തെ കുറിച്ചും തൻ്റെ ചുറ്റുപാടുകളെ കുറിച്ചും ചിന്തിക്കാനും ഇസ്ലാം ഓരോ മനുഷ്യനെയും ക്ഷണിക്കുന്നു. ശരിയായ ശാസ്ത്ര പഠനങ്ങളിലൂടെ ലഭിക്കുന്ന ഒരു പ്രപഞ്ചയാഥാർത്ഥ്യത്തിനും ഇസ്ലാം എതിരാവുന്നില്ല.

40- അല്ലാഹുവിൽ വിശ്വസിക്കുകയും, അവനെ അനുസരിക്കുകയും, അവൻ്റെ ദൂതന്മാരെ സത്യപ്പെടുത്തുകയും ചെയ്തവരിൽ നിന്നല്ലാതെ അല്ലാഹു പ്രവർത്തനങ്ങൾ സ്വീകരിക്കുകയോ അവക്ക് പ്രതിഫലം നൽകുകയോ ഇല്ല. ആരാധനാകർമ്മങ്ങൾ അല്ലാഹു നിശ്ചയിച്ച രൂപത്തിൽ നിർവ്വഹിച്ചാലല്ലാതെ അവൻ പരിഗണിക്കുകയുമില്ല. അല്ലാഹുവിനെ നിഷേധിച്ച ഒരാൾക്ക് എങ്ങനെയാണ് തൻ്റെ പ്രവർത്തനങ്ങൾക്ക് അല്ലാഹു പ്രതിഫലം നൽകണമെന്ന് ആവശ്യപ്പെടാൻ കഴിയുക?! അല്ലാഹുവിൻ്റെ ദൂതന്മാരിലും, അവൻ്റെ പ്രവാചകനായ മുഹമ്മദ് നബി -ﷺ- യിലും വിശ്വസിക്കാതെ ഒരാളുടെയും വിശ്വാസവും അല്ലാഹു സ്വീകരിക്കുകയില്ല.

41- അല്ലാഹുവിൽ നിന്നുള്ള സന്ദേശങ്ങളുടെയെല്ലാം ലക്ഷ്യം ഒന്നാണ്: മതവും മനുഷ്യനും ഒരു പോലെ ഉണർന്നുയരുകയും, മനുഷ്യൻ അല്ലാഹുവിൻ്റെ മാത്രം അടിമായാവുകയും ചെയ്യുക. മനുഷ്യൻ അവനെ പോലുള്ള മറ്റു മനുഷ്യരുടെയോ, ഭൗതികതയുടെയോ, അന്തവിശ്വാസങ്ങളുടെയോ അടിമത്വത്തിൽ പെട്ടുഴറേണ്ടവനല്ല. അതിനാൽ -നിനക്ക് വ്യക്തമായി കാണാവുന്നത് പോലെ- ഇസ്ലാമിൽ വ്യക്തികളെ ദിവ്യത്വവൽക്കരിക്കലോ, അവർക്ക് അർഹതപ്പെട്ട സ്ഥാനത്തിനപ്പുറം അവരെ ഉയർത്തലോ ഇല്ല. അവരെ അല്ലാഹുവിന് പുറമെയുള്ള ആരാധ്യന്മാരോ രക്ഷിതാക്കളോ ആക്കുക എന്ന രീതിയുമില്ല.

42- അല്ലാഹു ഇസ്ലാമിൽ നിശ്ചയിച്ച നിയമങ്ങളിലൊന്നാണ് തൗബഃ (പശ്ചാത്താപം). മനുഷ്യൻ തിന്മകൾ ഉപേക്ഷിച്ചു കൊണ്ട് തൻ്റെ രക്ഷിതാവായ അല്ലാഹുവിലേക്ക് മടങ്ങലാണ് തൗബഃ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. ഇസ്ലാം സ്വീകരിക്കുക എന്നത് മുൻകഴിഞ്ഞ എല്ലാ തിന്മകളെയും ഇല്ലാതെയാക്കുന്നതാണ്. സംഭവിച്ചു പോയ തെറ്റുകൾ മായ്ച്ചു കളയുന്ന പ്രവൃത്തിയാണ് തൗബഃ. മനുഷ്യൻ തനിക്ക് സംഭവിച്ചു പോയ തെറ്റുകൾ -അല്ലാഹുവിൻ്റെ മുൻപിലല്ലാതെ- ഒരു മനുഷ്യൻ്റെ മുൻപിലും ഏറ്റു പറഞ്ഞു കുമ്പസരിക്കണമെന്ന് ഇസ്ലാം പഠിപ്പിക്കുന്നില്ല.

43- ഇസ്ലാമിൽ മനുഷ്യനും അവൻ്റെ രക്ഷിതാവായ അല്ലാഹുവും തമ്മിലുള്ള ബന്ധം തീർത്തും ലളിതമാണ്. നിനക്കും അല്ലാഹുവിനും ഇടയിൽ ഒരു ഇടയാളൻ്റെ ആവശ്യമില്ല. സൃഷ്ടികർതൃത്വത്തിലോ ആരാധനയിലോ അല്ലാഹുവിൻ്റെ പങ്കാളികളാക്കി മനുഷ്യനെ പ്രതിഷ്ഠിക്കുക എന്നത് ഇസ്ലാം ശക്തമായി വിലക്കുന്നു.

44- ഈ ലേഖനത്തിൻ്റെ പരിസമാപ്തിയിൽ നാം ചില കാര്യങ്ങൾ ഓർമ്മപ്പെടുത്തട്ടെ: കാലഘട്ടവും സാമൂഹിക ചുറ്റുപാടുകളും രാജ്യങ്ങളും വ്യത്യാസപ്പെടുന്നതിന് അനുസരിച്ച് മനുഷ്യരുടെ ചിന്തകളിലും ഉദ്ദേശലക്ഷ്യങ്ങളിലും വ്യത്യാസങ്ങൾ സ്വാഭാവികമാണ്. മനുഷ്യസമൂഹത്തിൻ്റെ മൊത്തം പ്രകൃതിയിൽ പെട്ടതാണത്. അവൻ്റെ പ്രവർത്തനങ്ങളും രീതികളും പരസ്പരവിഭിന്നമായിരിക്കും. അതിനാൽ അവർക്ക് വഴികാട്ടുന്ന ഒരു മാർഗദർശി എപ്പോഴും അനിവാര്യമാണ്. അവരെ ഒരുമിച്ചു നിർത്തുന്ന ഒരു വിശ്വാസസംഹിത നിർബന്ധമായും വേണ്ടതുണ്ട്. അവരെ സംരക്ഷിക്കുന്ന ഒരു വിധികർത്താവെന്നോണം നിലകൊള്ളുന്ന ഒരാൾ. അല്ലാഹുവിൽ നിന്നുള്ള സന്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ മുൻകഴിഞ്ഞ നബിമാർ അക്കാര്യം നിറവേറ്റിയിരുന്നു. അവർ നന്മയുടെയും വിവേകത്തിൻ്റെയും വഴിയിലേക്ക് മനുഷ്യരെ നയിച്ചവരായിരുന്നു. അല്ലാഹുവിൻ്റെ മതനിയമങ്ങൾക്ക് മേൽ അവർ ജനങ്ങളെ ഒരുമിച്ചു കൂട്ടി. അവർക്കിടയിൽ സത്യവും നീതിയും പ്രകാരം വിധികൽപ്പിച്ചു. നബിമാർക്ക് ഉത്തരം നൽകുന്നതിലെ ശുഷ്കാന്തിയുടെയും, പ്രവാചകന്മാരുടെ കാലഘട്ടത്തോടുള്ള സാമീപ്യത്തിൻ്റെയും തോതനുസരിച്ച് അവരുടെ കാര്യങ്ങൾ ശരിയായി നിലകൊണ്ടു. എന്നാൽ മുഹമ്മദ് നബി -ﷺ- യുടെ നിയോഗമനത്തോടെ അല്ലാഹുവിൽ നിന്നുള്ള സന്ദേശങ്ങൾക്ക് അവൻ അന്ത്യം കുറിച്ചിരിക്കുന്നു. എന്നാൽ നബി -ﷺ- ക്ക് നൽകിയ സന്ദേശം അവൻ നിലനിർത്തുകയും, ജനങ്ങൾക്ക് സന്മാർഗമായി അതിനെ അവൻ ഇവിടെ ബാക്കി നിർത്തുകയും ചെയ്തിരിക്കുന്നു. മനുഷ്യർക്ക് പ്രകാശവും, അല്ലാഹുവിലേക്ക് എത്തിക്കുന്ന വഴിയിലേക്ക് മാർഗദർശനം നൽകുന്നതുമാകുന്നു അത്.

45- അതിനാൽ -ഹേ സുഹൃത്തേ!-! നിന്നെ ഞാനിതാ ക്ഷണിക്കുന്നു. അന്ധമായ അനുകരണവും നാട്ടാചാരങ്ങളും മാറ്റിവെച്ചു കൊണ്ട് നിന്നെ സൃഷ്ടിച്ച അല്ലാഹുവിൻ്റെ മാർഗത്തിൽ സത്യസന്ധതയോടെ എഴുന്നേറ്റു നിൽക്കുക. നിൻ്റെ മരണശേഷം നീ നിൻ്റെ രക്ഷിതാവായ അല്ലാഹുവിലേക്കാണ് മടങ്ങാനിരിക്കുന്നത് എന്ന കാര്യം ഓർക്കുക. നിൻ്റെ സ്വന്തം ശരീരത്തിലേക്കും, നിനക്ക് ചുറ്റുമാടുമുള്ള പ്രപഞ്ചത്തിൻ്റെ ചക്രവാളസീമയിലേക്കും നോക്കുക! ഗുണപാഠം ഉൾക്കൊള്ളുക! അതിനാൽ നീ മുസ്ലിമാവുക; എങ്കിൽ നിനക്ക് നിൻ്റെ ഈ ജീവിതത്തിലും, മരണ ശേഷമുള്ള നിൻ്റെ പാരത്രിക ജീവിതത്തിലും മഹത്തായ സൗഭാഗ്യം നുകരാം! ഇസ്ലാം സ്വീകരിക്കുന്നതിന് നീ ഇത്രം മാത്രമേ ചെയ്യേണ്ടതുള്ളൂ: "അശ്ഹദു അൻ ലാ ഇലാഹ ഇല്ലല്ലാഹ്, വ അശ്ഹദു അന്ന മുഹമ്മദൻ റസൂലുല്ലാഹ്" (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാറ്റുമില്ലെന്നും, മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ ദൂതനാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു) എന്ന് സാക്ഷ്യം വഹിക്കുക. അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്ന സർവ്വതിൽ നിന്നും നീ ബന്ധവിഛേദനം നടത്തുക. മരണപ്പെട്ടവരെ അല്ലാഹു ഉയർത്തെഴുന്നേൽപ്പിക്കുന്നതാണെന്നും, അല്ലാഹുവിൻ്റെ വിചാരണയും, അവൻ ഒരുക്കി വെച്ചിരിക്കുന്ന ശിക്ഷയും പ്രതിഫലവും സത്യമാണെന്നും വിശ്വസിക്കുക. ഈ പറഞ്ഞ സാക്ഷ്യവചനം നീ ഉച്ചരിക്കുകയും, ഇക്കാര്യങ്ങൾ നീ വിശ്വസിക്കുകയും ചെയ്താൽ അതോടെ നീ മുസ്ലിമായിരിക്കുന്നു. മുസ്ലിമാകുന്നതോടെ അല്ലാഹു കൽപ്പിച്ച മതനിയമങ്ങൾ നീ പാലിക്കണം. അഞ്ചു നേരം നിസ്കാരം നിർവ്വഹിക്കുക, സകാത് നൽകുക, റമദാൻ മാസത്തിൽ നോമ്പ് അനുഷ്ഠിക്കുക, സാധിക്കുമെങ്കിൽ ഹജ്ജ് ചെയ്യുക എന്നിങ്ങനെയുള്ള കാര്യങ്ങൾ ഉദാഹരണം.

പ്രിൻ്റിംഗ് തിയ്യതി: 19 - 11 - 1441 (ഹിജ്റ)

ഗ്രന്ഥകർത്താവ്: ഡോ. മുഹമ്മദ് ബ്നു അബ്ദില്ലാഹ് അസ്സുഹൈം

ഇസ്ലാമിക് തിയോളജി, മുൻ പ്രൊഫസർ.

കുല്ലിയതു തർബിയ, ജാമിഅതുൽ മലിക്

രിയാദ്വ്, സൗദി അറേബ്യ

ഇസ്ലാം........................................................................................................................................ 1

ഇസ്ലാം; ഒരു ചെറുവിവരണം (ഖുർആനിലും നബിചര്യയിലും വന്നതുപോലെ)............. 1